നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

വെബ് ബ്രൗസറുകൾ

   കണക്കുകൾ കൂട്ടാനും അവ സൂക്ഷിച്ചുവക്കാനും വെബ് ബ്രൗസറുകൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ ചെറുകിട കച്ചവട സ്ഥാപനങ്ങളിലും മരുന്നു ഷോപ്പുകളിലും മറ്റും അവ അങ്ങനെ ഉപയോഗിക്കാറില്ല. അവർക്ക് അതിന്റെ ആവശ്യമില്ലാത്തതുതന്നെ കാരണം. വിവരസാങ്കേതിക വിദ്യ അതിദൂരം വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ലോകത്തെവിടെയുള്ള ഏതുതരത്തിലുള്ളവയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും ശബ്ദശകലവുമെല്ലാം സെക്കൻഡുകൾക്കകം നമ്മുടെ മുന്നിലെത്തിക്കാനും അറിയാനും കഴിയുന്നത് സർവ്വ സാധാരണമായിരിക്കുകയാണ്. ഒരു കമ്പ്യൂട്ടർ ഉള്ളതുകൊണ്ടോ നല്ല ഇന്റർനെറ്റ് സൗകര്യമുള്ളതുകൊണ്ടോ മാത്രം അത് നമുക്ക് കാണാനും മനസ്സിലാക്കാനും കഴിയുകയില്ല. പൊറോട്ടവീശാൻ നല്ല വിശാലമായ വൃത്തിയുള്ള മേശയുണ്ട്, അടുപ്പുകല്ലിനു നല്ല ചൂടുമുണ്ട്, നല്ല ഉശിരുള്ള പൊറോട്ടാക്കാരനുമുണ്ട് പക്ഷേ മൈദയില്ല എന്ന അവസ്ഥയാണിത്. ഇവിടെയാണ് വെബ് ബ്രൗസറുകളുടെ ആവശ്യം വരുന്നത്.

   നിങ്ങൾ ഇതു വായിക്കുന്നത് ഉപയോഗിക്കുന്ന ഈ സംവിധാനത്തിനെത്തന്നെയാണ് ബ്രൗസർ എന്നു പറയുന്നത്. സാധാരണ നമ്മുടെ കമ്പ്യൂട്ടർ വാങ്ങുമ്പോൾത്തന്നെ Internet explorer  എന്ന ബ്രൗസർ ഉണ്ടാവും. ഇന്റെർനെറ്റിൽനിന്ന് നമുക്ക് എന്ത് അറിയണമെങ്കിലും ഇതിന്റെ സഹായമില്ലാതെ പറ്റില്ല. പക്ഷേ ബ്ലോഗർമാരിൽ ഭൂരിഭാഗവും Internet explorer ഉപയോഗിക്കാറില്ല. പകരം കൂടുതൽ സൗകര്യവും ഭംഗിയുമുള്ള ധാരാളം ബ്രൗസറുകൾ ഉപയോഗിക്കുന്നുണ്ട്. Internet explorer ബ്ലോഗിംഗിന് ഉപയോഗിക്കുമ്പോൾ ചിലപ്പോഴൊക്കെ പുതിയ വിൻഡോസ് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്തവിധം പെറ്റു പെരുകാറുണ്ട്. ഈ സമയം നമുക്ക് ബ്രൗസ് ചെയ്യാനോ ടൈപ്പുചെയ്യാനോ ബ്രൗസർ അടയ്ക്കാനോ കഴിയാറില്ല. ഒരു വിൻഡോ  അടക്കുമ്പോഴേക്കും ഒമ്പതെണ്ണം തുറന്നു വരും. കമ്പ്യൂട്ടർ റീസ്റ്റാർട്ടുചെയ്യുകയോ നെറ്റ്കണക്ഷൻ ഒഴിവാക്കുകയോ ഒക്കെ ചെയ്യേണ്ടിവരും. Internet explorer ഒഴികെയുള്ള ബ്രൗസറുകളിൽ ഈ പ്രശ്നം ഇതുവരെ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. താഴെയുള്ള ലിങ്കിൽ ക്ലിക്കിയാൽ തനിയേ ഡൗൺലോഡായിക്കൊള്ളും.





മോസില്ല ഫയർഫോക്സ്

   ബ്ലോഗർ സമൂഹം കൂടുതലായി ഉപയോഗിച്ചുവരുന്ന ഒരു ബ്രൗസറാണ് മോസില്ല ഫയർഫോക്സ് (Mozilla Firefox). നല്ല വൃത്തിയിലും വെടിപ്പിലും അക്ഷങ്ങളെ ദൃശ്യമാക്കുന്നു എന്നതുതന്നെയാണ് ഇതിന്റെ ഒരു പ്രത്യേകത. Internet explorerനെ അപേക്ഷിച്ച് അൽപ്പം വേഗതയിൽ ബ്രൗസ് ചെയ്യാനും ഇതിൽ സാധിക്കുന്നുണ്ട്. നമ്മുടെ ആവശ്യമനുസരിച്ച് വിവിധ സംവിധാനങ്ങൾ ഇതിൽ കൂട്ടിച്ചേയ്യാനും നമുക്ക് സാധിക്കും. ഉദാഹരണമായി സ്വനലേഖ എന്ന മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയർ മോസില്ലയിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. സ്വനലേഖയെക്കുറിച്ച് മലയാളം ടൈപ്പിംഗ് എന്ന അദ്ധ്യായത്തിൽ പഠിക്കാം. മോസില്ല ഫയർ ഫോക്സ് ചുവടെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡുചെയ്യാം.

 

എപ്പിക്

   മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോസില്ലയുടെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നിർമ്മിച്ച ഒരു ഇന്ത്യൻ ബ്രൗസറാണ് എപ്പിക്ക്. മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, ആന്റിവൈറസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എപ്പിക്ക് ഉപയോഗിക്കുമ്പോള്‍ പണം കൊടുത്ത് ആന്റിവൈറസ് സോഫ്ട്‌വെയറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ടെന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപ്പിക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങള്‍ (ഫീച്ചറുകൾ) എപ്പിക്കിലുണ്ട്. സൈഡ് ബാറുകളില്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്. സൈഡ്ബാറില്‍ തന്നെ ആർ.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ നിരത്താനും ഇതിന് കഴിയും. മനോഹരമായ ബാക്ക്ഗ്രൗണ്ട് തീമുകൾ ഇതിലുണ്ട്. താഴെയുള്ള ലോഗോയിൽ ക്ലിക്കിയാൽ എപ്പിക് ഡൗൺലോഡാവും.



ഗൂഗിൾ ക്രോം

   ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ്‌ ഗൂഗിൾ ക്രോം. ഉപയോഗിക്കുന്നവരുടെ അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഇക്കാലത്തെ വെബ്സൈറ്റുകൾ താളുകൾ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകൾ ആണെന്ന തിരിച്ചറിവും ആണ്‌ ഇതിന്റെ വികസനത്തിന്റെ പിന്നിൽ. കൂടുതൽ സ്ഥിരത,വേഗത,സുരക്ഷ എന്നിവക്കൊപ്പം ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനം എന്നിവ ഇതു തരുന്നുണ്ട്. സാധാരണ വേഗതയിൽക്കൂടുതൽ ബ്രൗസിംഗിൽ ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും വേഗതയിൽ മോസില്ലപോലെയുള്ള അനുഭവമാണ് എനിക്ക് അനുഭവപ്പെടുന്നത്.

കമന്റുബോക്സിന്റെ വലിപ്പം

   ബ്ലോഗുകളിൽ കമന്റെഴുതുമ്പോൾ കമന്റു ബോക്സിനു വലിപ്പം പോരെന്നുതോന്നിയാൽ കമന്റുകോളത്തിൽ ക്ലിക്കിയാൽ താഴെ ചിത്രത്തിൽ കാണിച്ചിട്ടുള്ളതുപോലെ കമന്റുകോളം കാണപ്പെടും. ചിത്രത്തിൽ വലതുവശത്തു താഴെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് കോളത്തിനുള്ളിൽ രണ്ടു ചെറിയ ചരിഞ്ഞ വരകൾ കാണാം. അവിടെ ക്ലിക്കി വലിച്ചാൽ നമ്മുടെ ആവശ്യത്തിനു കമന്റുബോക്സ് നീട്ടാമെന്നുള്ളത് ഈ ബ്രൗസറിന്റെ സവിശേഷതയാണ്. താഴെയുള്ള ചിത്രം നോക്കൂ...



    ഗൂഗിള്‍ ക്രോമില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയോ മറ്റു സെറ്റിങ്‌സുകളോ ചെയ്യാതെ തന്നെ മലയാളം വായിക്കാന്‍ പറ്റും. സാധാരണഗതിയിൽ ബ്രൗസിംഗ് ഹിസ്റ്ററി രേഖപ്പെടുത്തുമെങ്കിലും shift+ctrl+N എന്ന കീ ഉപയോഗിച്ചു തുറക്കുന്ന വിൻഡോയിൽ നിന്നും സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ സേവ് ചെയ്യപ്പെടില്ല, മാത്രമല്ല, വിന്‍ഡോ ക്ലോസ് ചെയ്യുമ്പോൾത്തന്നെ കുക്കീസും തനിയേ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഗൂഗിൾ ക്രോം ഡൗലോഡു ചെയ്യാൻ ലോഗോയിൽ ക്ലിക്കുക.




ഒപേര

   ഇത് ബ്ലോഗർമാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രൗസറാണ്. കമ്പ്യൂട്ടറിൽ മലയാളിബോഗർമാർ കൂടുതലായി ഇത് ഉപയോഗിക്കുന്നുണ്ടോ എന്നു സംശയമാണ്. പക്ഷേ മൊബൈലിൽ ബ്ലോഗർമാർക്ക് ഈ ബ്രൗസർ വലിയ അനുഗ്രഹമാണ്. സമയമില്ലായ്മയിൽ വിഷമിക്കുന്ന ബ്ലോഗർ സമൂഹം ഇന്ന് കൂടുതലും ബ്ലോഗുവായന നടത്തുന്നത് മൊബൈൽഫോണിൽ ഒപേര ഉപയോഗിച്ചാണ്. താഴെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിനുള്ള ഒപേര ബ്രൗസറാണു കൊടുത്തിട്ടുള്ളത്.



ബൊബൈലിൽ മലയാള ബ്ലോഗുകൾ വായിക്കാം

   സാധാരണഗതിയിൽ മൊബൈലിൽ മലയാള ബ്ലോഗുകൾ തുറന്നാൽ കുറേ ചതുരക്കള്ളികളും മറ്റുമായിരിക്കും കാണാൻ കഴിയുക. മൊബൈലിൽ ഒപേര മിനി ഇൻസ്റ്റാൾ ചെയ്തതിനു ശേഷം അതിന്റെ അഡ്രസ്ബാറിൽ കാണുന്ന www എന്നതൊഴിവാക്കി config: എന്നുമാത്രം ടൈപ്പുചെയ്ത് സെർച്ച് അല്ലെങ്കിൽ OKകൊടുക്കുക. അപ്പോൾ കിട്ടുന്ന യൂസിംഗ് സെറ്റിംഗ്സിലെ അവസാനഭാഗത്തുകാണുന്ന  Use bitmap fonts for complex scripts എന്നത് No എന്നായിരിക്കും കാണുന്നത്. അത് Yes എന്നാക്കി സേവ് ചെയ്യണം. തുടർന്ന് നിങ്ങൾക്ക് മലയാള ബ്ലോഗുകൾ ഒപേരമിനിയിൽക്കൂടി വായിക്കാൻ കഴിയും.

3D ബ്രൗസറുകൾ

പൊതുവേ ഹൈസ്പീഡ് ഇന്റെർനെറ്റ് കണക്ഷനുള്ളവർക്കാണ് 3ഡി ബ്രൗസറുകൾ ഫലപ്രദമായി പ്രയോജനപ്പെടുന്നത്. സാധാരണ ഡയലപ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ചില ബ്രൗസറുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ചിലത് വലിയ കുഴപ്പമില്ലാതെ വർക്കു ചെയ്യുന്നുണ്ട്. മറ്റു ചിലതാകട്ടെ ബ്രൗസിംഗിന് കൂടുതൽ സമയമെടുക്കുന്നുണ്ട്.

ബ്രൗസർ 3D

   കൂടുതൽ ബ്രൗസിംഗ് അനുഭവങ്ങൾ സമ്മാനിക്കുന്നതാണിത്. ഒരേസമയം നാലു വിൻഡോകൾ ഓപ്പൺചെയ്യാൻ സാധിക്കുന്നവയുമുണ്ട്. സാധാരണ നെറ്റ് കണക്ഷനുള്ളവർക്കും ഇതുപയോഗിക്കാമെങ്കിലും ബ്രോഡ്ബാൻഡുകാരിലാണ് ഇത് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാവുന്നത്. ബ്രൗസർ ഓപ്പൺ ചെയ്ത് അവയെ വേർതിരിച്ചിട്ടുള്ള ചാരനിറത്തിലുള്ള ഡിവൈഡറിൽ ക്ലിക്കിയാൽ ഒരു വിൻഡോ മാത്രമായി വലുതായിക്കാണാം. ഈ സമയം ഇരു വശങ്ങളിലും മറ്റു വിൻഡോകളുടെ അല്പം ഭാഗങ്ങൾ ദൃശ്യമായിരിക്കും. ആവശ്യമുള്ളതിൽ ക്ലിക്കിയാൽ ആ വിൻഡോ വലുതായി വരും.  ഒരേസമയം നാലു വ്യത്യസ്ഥ ബ്ലോഗുകൾ തുറന്നിരിക്കുന്ന ഒരു 3ഡി ബ്രൗസറിന്റെ സ്ക്രീൻഷോട്ടാണ് താഴെക്കാണുന്നത്. ഈ ബ്രൗസർ ആവശ്യമുള്ളവർക്ക് ചിത്രത്തിൽ ക്ലിക്കി ഡൗൺലോഡു ചെയ്യാം


ഇതിൽത്തന്നെ മെനുബാറിൽ Full എന്നിടത്തു ക്ലിക്കു ചെയ്ത് സാധാരണ ബ്രൗസർ പോലെയും ഉപയോഗിക്കാം. തിരികെ 3ഡിയിലേക്കു മാറാനും ഫുൾ എന്നതിൽ ക്ലിക്കിയാൽ മതി. കൂടുതൽ സൗകര്യങ്ങൾ നിങ്ങൾക്ക് പരിശോധിച്ചറിയാവുന്നതേയുള്ളൂ.

Sphear Xplorer  

മനോഹരമായ മറ്റൊരു ബ്രൗസറാണു താഴെയുള്ളത്. ഇതും ബ്രോഡ്ബാൻഡുകാർ ഉപയോഗിക്കുന്നതാണ് നല്ലത്. സമയം ഒരുപാടു ബാക്കിയുള്ള ഡയലപ്പുകാർക്കും ഉപയോഗിക്കാം.


തൽക്കാലം ഈ ബ്രൗസറുകൾ കൊണ്ടു തൃപ്തിപ്പെടുമെന്നു കരുതട്ടെ. ഒന്നിലധികം ഐ.ഡി. ഒരേസമയം ഉപയോഗിച്ചു ലോഗിൻ ചെയ്യേണ്ടി വരുമ്പോഴാണ് രണ്ടും മൂന്നും ബ്രൗസറുകളുടെ ആവശ്യം വരുന്നത്.

Back to TOP