നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


   ബ്ലോഗിങ്ങ് ലോകത്ത് പലപ്പോഴും കേള്‍ക്കുന്ന പരാതിയാണ് 'ആരും എന്‍റെ ബ്ലോഗ്‌ വായിക്കുന്നില്ല; അത് കൊണ്ട് എനിക്ക് എഴുതാനുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു' എന്നത്. ഒരാളുടെ ബ്ലോഗ്‌ ആരും വായിക്കാത്തത് വായനക്കാരുടെ കുഴപ്പമാണ് എന്ന മനോഭാവം ചിലരിലെങ്കിലും കണ്ടിട്ടുണ്ട്. വായനക്കാർക്ക് പലപ്പോഴും ചോദിക്കാന്‍ തോന്നുന്നത് 'ഞാന്‍ എന്തിനു നിങ്ങളുടെ ബ്ലോഗ്‌ വായിക്കണം' എന്ന ചോദ്യമാണ്. ചില ബ്ലോഗുകളില്‍ പോയി നോക്കിയാല്‍ വായനക്കാരനെ/ക്കാരിയെ പിടിച്ചിരുത്തുന്ന ഒന്നും കാണാന്‍ കഴിയില്ല. ഒരാളുടെ ബ്ലോഗിൽ നിന്നും (പ്രത്യേകിച്ച് പുതുമുഖങ്ങളുടെ) ഒന്നും വായനക്കാർക്ക് കിട്ടുന്നില്ലെങ്കിൽ .ആ ബ്ലോഗിൽ വായനക്കാർ ക്രമേണ കുറഞ്ഞുവരുന്നത് സ്വാഭാവികം മാത്രമാണ്.

   അതുകൊണ്ടുതന്നെ ബ്ലോഗെഴുതാൻ തുടങ്ങുന്നവർക്ക് ഉപകാരപ്രദമാവും എന്ന് വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. അത് സമ്പൂര്‍ണ്ണമാണെന്നോ കുറ്റമറ്റതാണെന്നോ അവകാശവാദമില്ല. അനുഭവസമ്പത്തും, അറിവും, ഭാഷാജ്ഞാനവും ഉള്ളവരാണ് ഇവിടെ ഭൂരിപക്ഷവും. ഈ പോസ്റ്റ്‌ പ്രധാനമായും പുതുതായി ഈ രംഗത്ത് വന്ന, അല്ലെങ്കില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയാണ് എന്നു മാത്രമേ പറയുന്നുള്ളൂ.

  ഏതൊരു കാര്യവും തുടങ്ങുമ്പോള്‍ നാം പ്രകടിപ്പിക്കുന്ന ഉത്സാഹവും, അതിനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും കിടയറ്റതാണ്. ബ്ലോഗിങ്ങ് ലോകവും വ്യത്യസ്തമല്ല. ഇവിടേക്ക് പുതുതായി കാലുകുത്തുന്നവരില്‍ ഭൂരിപക്ഷം ആളുകളും തങ്ങളുടെ പുതു സംരഭത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും വച്ചു പുലര്‍ത്തുന്നവരാവും. തുടക്കത്തില്‍ അവര്‍ ഒരു പോസ്റ്റിനു പിറകെ വേറൊരു പോസ്റ്റ്‌ എന്ന രീതിയില്‍ കുറെയധികം പോസ്റ്റുകള്‍ എഴുതും. ആദ്യത്തെ ആഴ്ചയില്‍ തന്നെ പത്തും പന്ത്രണ്ടും പോസ്റ്റുകള്‍ എഴുതുന്ന ഇവര്‍ കുറച്ചു ദിവസങ്ങള്‍ കഴിയുന്നതോടെ തികച്ചും നിഷ്ക്രിയരാവും. ചോദിച്ചാല്‍ പറയും - ആരും വായിക്കുന്നില്ല, അത് കൊണ്ട് എഴുതാനുള്ള മൂഡ്‌ ഇല്ല' എന്ന്‍..

  ഇവര്‍ക്ക് പറ്റുന്ന അബദ്ധം എന്താണെന്ന് നോക്കാം - ഒരു ഫാക്ടറി രാപ്പകലില്ലാതെ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പോലെ ഇവരും തങ്ങളുടെ പോസ്റ്റുകള്‍ ഇടുന്നു. താന്‍ എഴുതുന്നത് വായനക്കാര്‍ക്ക് വായനാസുഖം നല്‍കുന്നുണ്ടോ, അവര്‍ക്കത് ഇഷ്ടപ്പെടുന്നുണ്ടോ, ആളുകള്‍ക്ക് താത്പര്യമുള്ള വിഷയമാണോ എന്നൊക്കെ ആരും ചിന്തിക്കാറില്ല. മിക്കപ്പോഴും താന്താങ്ങളുടെ സ്വകാര്യ ഡയറിയിലെ കുറിപ്പുകളാവും പലരും പോസ്റ്റ്‌ ചെയ്തിരിക്കുക. ഈ ലോകത്തിന്റെ കാര്യം വളരെ വിചിത്രമാണ് - നാം മോഹന്‍ലാലോ, മമ്മൂട്ടിയോ, രാജനീകാന്തോ, സച്ചിന്‍ ടെണ്ടുല്‍ക്കറോ (അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും പ്രശസ്ത വ്യക്തികളോ) അല്ലെങ്കില്‍ നമ്മുടെ ജീവിതത്തെക്കുറിച്ചറിയാന്‍ ആര്‍ക്കും വല്യ താത്പര്യമൊന്നുമുണ്ടാവില്ല എന്നതാണ് സത്യം. ഏതൊരു ബ്ലോഗറും ഒന്നാമതായി ഓര്‍ത്തിരിക്കേണ്ട പാഠം - ബ്ലോഗ്‌ നിങ്ങളുടെ സ്വകാര്യ ഡയറിയല്ല. അതില്‍ നിങ്ങളുടെ ദിനചര്യകളും മറ്റും കുത്തിനിറച്ചാല്‍ ആരും വായിക്കാന്‍ താത്പര്യപ്പെടില്ല - വായനക്കാരെ വീണ്ടും വീണ്ടും നിങ്ങളുടെ ബ്ലോഗിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ തക്ക വിഷയങ്ങളും അവതരണവും ആവണം. ഓരോ തവണ എഴുതുമ്പോഴും വിഷയം നന്നായി ആലോചിച്ച് തീരുമാനിച്ച്, എഴുതിയത് പലതവണ വായിച്ചു നോക്കി, ആറ്റിക്കുറുക്കിയ ശേഷമാവണം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

  നല്ല വിഷയം തിരഞ്ഞെടുത്ത് അത് ബ്ലോഗില്‍ ഇട്ടാല്‍ മാത്രം മതിയോ? ഇതിനുത്തരം പറയുന്നതിന് മുന്‍പ് ഒരുദാഹരണം നോക്കാം - നാം മാര്‍ക്കറ്റില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു എന്ന് കരുതുക. ഒരേ പോലുള്ള രണ്ടു ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും എന്ത് കൊണ്ട് നാം ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ വാങ്ങുന്നു? ഉപയോഗം ഒന്നാണെങ്കിലും ഒരേ പോലെയുള്ള രണ്ട് ഉത്പന്നങ്ങളില്‍ ഏത് തിരഞ്ഞെടുക്കും എന്ന്‍ തീരുമാനിക്കുന്ന ഘടകം എന്ത്? പലപ്പോഴും ആ ഉത്പന്നത്തിന്‍റെ ഭംഗിയും പുറം മോടിയുമാണ് നമ്മെ ആകര്‍ഷിക്കുന്നതും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം ആളുകളും ചിന്തിക്കുക കൂടുതല്‍ ഭംഗിയില്‍ പൊതിഞ്ഞിരിക്കുന്ന സാധനമാണ് കൂടുതല്‍ നല്ലതെന്നാണ്. അത് കൊണ്ട് ഒരേ ഗുണമേന്മയുള്ള രണ്ടുതരം സോപ്പുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏറ്റവും ആകര്‍ഷണീയമായ കവറുള്ളതാണ് ആളുകള്‍ തിരഞ്ഞെടുക്കുക (പരസ്യവാചകങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ - ഇപ്പോള്‍ ആകര്‍ഷണീയമായ പുതിയ പാക്കിൽ), ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പാക്കിങ്ങില്‍ എന്നൊക്കെയാണ് അവര്‍ പറയുക. അത് കേള്‍ക്കുന്ന നാം കരുതും ആ ഉല്‍പന്നമാണ് നല്ലതെന്ന്). അതുകൊണ്ടുതന്നെ ചിലപ്പോഴെങ്കിലും ഗുണമേന്മയുള്ള സാധനം പാക്കിംഗ് നന്നാവാത്തത് കൊണ്ടു മാത്രം തഴയപ്പെടുന്നു.

  ഇതേ തത്വം നമ്മുടെ ബ്ലോഗിനും ബാധകമാണ്. നല്ലൊരു വിഷയം എഴുതിയാല്‍ മാത്രം പോര, അത് ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കുകയും വേണം. രണ്ടാമത്തെ പാഠം - നല്ലൊരു രചനയുണ്ടായാല്‍ മാത്രം പോര, അത് ആകര്‍ഷണീയമായ രീതിയില്‍ വായനക്കാരുടെ മുന്നില്‍ എത്തിക്കണം. ബ്ലോഗിന്‍റെ ലേ-ഔട്ട്‌, മൊത്തത്തിലുള്ള ഭംഗി, വാക്കുകളുടെ വലിപ്പവും അലൈന്‍മെന്റും, ഖണ്ഡിക തിരിക്കലുമൊക്കെ ഇതില്‍പ്പെടും. ആദ്യ കാഴ്ചയിലെ ആകര്‍ഷണീയത വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കുന്ന ഒരു മുഖ്യ ഘടകം തന്നെ!

  ഇപ്പോള്‍ നമ്മുടെ പക്കല്‍ ഒരു നല്ല രചനയുണ്ട്; അത് ആകര്‍ഷണീയമായി തന്നെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നു; എല്ലാമായോ? ഉവ്വെന്നു കരുതിയെങ്കില്‍ തെറ്റി. ഇനിയും പല കാര്യങ്ങളുമുണ്ട് ശ്രദ്ധിക്കേണ്ടതായി... നമ്മുടെ ഉദാഹരണത്തിലേക്ക് തിരിച്ചു വരാം. കടയിലെ ഷെല്‍ഫില്‍ ആകര്‍ഷണീയമായ രീതിയില്‍ പൊതിഞ്ഞു വെച്ച രണ്ട് സോപ്പുകള്‍ - രണ്ടും വേറെ വേറെ ബ്രാന്‍ഡ്‌ ആണെന്നൊഴിച്ചാല്‍ വേറെ വ്യത്യാസങ്ങള്‍ ഒന്നുമില്ല... അപ്പോള്‍ ഏത് തിരഞ്ഞെടുക്കും? കുഴങ്ങി അല്ലെ? അപ്പോള്‍ നാം ആ സോപ്പുകള്‍ കൈയ്യിലെടുത്ത് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കും. അത് ആരാണ് ഉണ്ടാക്കിയത്, എവിടെയാണ് ഉണ്ടാക്കിയത്, എന്നാണ് ഉണ്ടാക്കിയത്, എന്തെല്ലാമാണ് അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അവയില്‍ കൊടുത്തിരിക്കും.

   നാം നോക്കുമ്പോള്‍ ഒരു സോപ്പിന്‍റെ കവറില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഒന്നുമില്ല - മറ്റതില്‍ വളരെ കൃത്യമായി ഉണ്ട് താനും. ഇങ്ങനെയുള്ള ഒരു പരിസ്ഥിതിയില്‍ ഭൂരിപക്ഷം ആളുകളും വിവരങ്ങള്‍ കൃത്യമായി കൊടുത്ത സോപ്പ് ആണ് വാങ്ങുക. കാരണം ലളിതമാണ് - അതില്‍ അതുണ്ടാക്കുന്ന കമ്പനിയെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നു. മറ്റേതില്‍ അതില്ല. സ്വന്തം വിവരങ്ങള്‍ പറയുന്നത് വഴി ആദ്യത്തെ കമ്പനി സ്വാഭാവികമായും കൂടുതല്‍ വിശ്വാസ്യത നേടിയിരിക്കുന്നു. നമ്മുടെ ബ്ലോഗുകളും അത് പോലെ തന്നെ! നാം ധരിച്ചു വെക്കേണ്ടുന്ന മൂന്നാമത്തെ പാഠം - ബ്ലോഗില്‍ നമ്മെക്കുറിച്ചും ഒരു ചെറിയ വിവരണം അവശ്യമായും ഉണ്ടാവണം. നാം വായനക്കാര്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊടുക്കുന്നത് വഴി അവരുടെ വിശ്വാസ്യത നേടുകയാണ്‌; ഒരു പുതു ബ്ലോഗര്‍ തീര്‍ച്ചയായും തന്നെക്കുറിച്ച് ഒരു ചെറിയ വിവരണം ബ്ലോഗില്‍ നല്‍കിയേ മതിയാകൂ - കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു ബ്ലോഗറുടെ ഹോം പേജ് കഴിഞ്ഞാല്‍ ഏറ്റവും അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പേജ് അവരുടെ പ്രൊഫൈല്‍ പേജ് ആണെന്നാണ്‌.; പുതു ബ്ലോഗര്‍മാര്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

   ഇതെല്ലാം ചെയ്‌താല്‍ എല്ലാമായോ? ഇല്ല; നമ്മുടെ സോപ്പിന്‍റെ കാര്യം തന്നെയെടുക്കാം. ഒരു സോപ്പ് ഉണ്ടാക്കി, നല്ല ആകര്‍ഷണീയമായി പായ്ക്ക് ചെയ്ത്, അതിനെപ്പറ്റിയും കമ്പനിയെപ്പറ്റിയും എല്ലാ വിവരങ്ങളും നല്‍കിയാല്‍ ആളുകള്‍ ആ സോപ്പ് വാങ്ങുമോ? ഇല്ല - ഇങ്ങനെ ഒരു സോപ്പ് വിപണിയിലുണ്ടെന്ന് അറിയാതെ ആളുകള്‍ ഇങ്ങിനെ വാങ്ങും??? അത് ഉപഭോക്താവിനെ അറിയിക്കാനാണ് കമ്പനികള്‍ ലക്ഷക്കണക്കിന്‌ പൈസ മുടക്കി പരസ്യങ്ങള്‍ പുറത്തിറക്കുന്നത്. അവ കണ്ട് നാം ആകര്‍ഷിക്കപ്പെടുകയും സോപ്പ് വാങ്ങുകയും ചെയ്യുന്നു.

  ബ്ലോഗിന്‍റെ കഥയും അങ്ങനെ തന്നെ. നല്ല രചനയും, ആകര്‍ഷണീയമായ കെട്ടും മട്ടും, നമ്മെക്കുറിച്ചുള്ള വിവരവും ബ്ലോഗില്‍ കൊടുത്താല്‍ വായനക്കാര്‍ ഇരച്ചു കയറും എന്ന് കരുതുന്നത് വിഡ്ഢിത്തമാവും, അല്ലെ? നമ്മുടെ ബ്ലോഗിനെ ആളുകളുടെ മുന്നില്‍ കൊണ്ടുവരണം. സോഷ്യല്‍ മീഡിയ അരങ്ങുതര്‍ത്തു വാഴുന്ന ഇക്കാലത്ത് ബ്ലോഗര്‍ക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യങ്ങളില്‍ ഒന്നാണ് തന്‍റെ ബ്ലോഗിനെ പൊതുജന സമക്ഷം കൊണ്ട് വരിക എന്നത്. ഫേസ് ബുക്ക്‌ തുടങ്ങിയ വേദികളിലൂടെ ഇത് അനായാസം സാധിക്കും. അതിലൂടെ അനേകം കൂട്ടായ്മകളില്‍ ചേരാനും മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കാനും തന്‍റെ ബ്ലോഗ്‌ മറ്റുള്ളവരിലെത്തിക്കാനും കഴിയും. കൂട്ടത്തില്‍ പറയട്ടെ - പല കൂട്ടായ്മകളും കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് വളരുന്നത്. നിങ്ങള്‍ കൂട്ടായ്മകളില്‍ ചേര്‍ന്നാല്‍ മാത്രം മതിയാകില്ല; അവിടെയുള്ള കൂട്ടുകാരുടെ ബ്ലോഗുകള്‍ വായിക്കുകയും, പ്രതികരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം - എന്നാലേ നിങ്ങള്‍ക്കും അവ തിരിച്ചു കിട്ടൂ.... മറ്റുള്ളവരെ അവഗണിച്ച് 'ഈ-ലോകത്ത്' അധിക കാലം നിലനില്‍ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ബ്ലോഗിങ്ങിലെ നാലാമത്തെ പാഠം - മാര്‍ക്കെറ്റിങ്ങ് നല്ലവണ്ണം ചെയ്യാന്‍ അറിയണം. നല്ല രചനകള്‍ സൃഷ്ടിച്ചാല്‍ മാത്രം പോര, അത് മറ്റുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

  ഇനി അവസാനത്തെ പാഠം - ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത് - നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതിനെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും തളര്‍ത്തുന്നതുമൊക്കെ നിങ്ങള്‍ തന്നെയാണ് - വായനക്കാരല്ല. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമായിരിക്കും; പക്ഷേ നിങ്ങളുടെ ബ്ലോഗ്‌ നിലനിര്‍ത്തുന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. അതിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസവും പ്രേരണയും നിങ്ങള്‍ സ്വയം കണ്ടെത്തണം. മറ്റാര്‍ക്കും അതിന് കഴിയില്ല. നിങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ പലപ്പോഴും അനുകൂലമായിക്കൊള്ളണം എന്നില്ല; വിമര്‍ശനങ്ങളേയും പ്രശംസകളെയും ശരിയായ വിധത്തില്‍ കണ്ട്, നെല്ലും പതിരും തിരിച്ചറിഞ്ഞ് മുന്നേറുക. ജീവിതമെന്ന പോലെ ബ്ലോഗിങ്ങ് മേഖലയും കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ കടന്നു പോകും. അവയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും വിശ്വാസവും സ്വയം കണ്ടെത്തണം. എങ്കില്‍, അകാരണമായ വിമര്‍ശനങ്ങളും അസത്യമായ പ്രശംസകളും നിങ്ങളെ വഴിതെറ്റിക്കില്ല - അതിന് കഴിയില്ല എന്നാണെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ സ്വകാര്യ ഡയറിയില്‍ ഒളിപ്പിച്ചു വെക്കുന്നതാവും അഭികാമ്യം!

 ആത്മ ചിന്തനത്തിന്റെ കരുത്തുപകരുന്ന രചനകള്‍ ഇനിയുമിനിയും സൃഷ്ടിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുമാറാകട്ടെ എന്നാശിക്കുന്നു....
ആശംസകൾ...

  (ബ്ലോഗർ നിഷയോട് കടപ്പാട്.നിഷയുടെ ബോഗ് ഇവിടെ )

Back to TOP